ആനക്കൊമ്പ് കേസ്: മോഹന്‍ലാലിന്റെ ഉടമസ്ഥാവകാശം ഹൈക്കോടതി റദ്ദാക്കി, സര്‍ക്കാരിനും തിരിച്ചടി
കൊച്ചി: ആനക്കൊമ്പ് സൂക്ഷിക്കുന്നതിന് മോഹന്‍ലാലിന് അനുമതി നല്‍കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ആനക്കൊമ്പ് കേസ് പിന്‍വലിച്ച് ഉടമസ്ഥാവകാശം നല്‍കിയ നടപടിയാണ് ഹൈക്കോടതി റദ്ദാക്കിയത്. സര്‍ക്കാര്‍ ഉത്തരവ് നിലനില്‍ക്കില്ലെന്ന് വ്യക്തമാക്കിയാണ് കോടതി നടപടി. സര്‍ക്കാരിനും മോഹന്‍ലാലിനും തിരിച്ചടിയാണ് കോടതി ഉത്തരവ്. ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റുകള്‍ അസാധുവാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, നടപടി നിയമ വിരുദ്ധമാണെന്നും പ്രഖ്യാപിച്ചു. ഉടമസ്ഥാവകാശം നല്‍കിക്കൊണ്ട് വിജ്ഞാപനം ചെയ്യാതെ ഉത്തരവ് മാത്രം പുറത്തിറക്കിയാല്‍ അതിന് നിയമ സാധുത ഉണ്ടാകില്ല. ആവശ്യമെങ്കില്‍ സര്‍ക്കാരിന് വിജ്ഞാപനം പുറപ്പെടുവിക്കാമെന്നും ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. കേസില്‍ മോഹന്‍ലാലിന്റെ അപ്പീല്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ കേസിന്റെ മെറിറ്റിലേക്ക് കോടതി കടന്നില്ല. നേരത്തെ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കിയ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതി, മോഹന്‍ലാല്‍ വിചാരണ നേരിടണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെതിരായ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. മോഹന്‍ലാലിന്റെ എറണാകുളത്തെ വീട്ടില്‍ അനധികൃതമായി ആനക്കൊമ്പ് സൂക്ഷിച്ചത് സംബന്ധിച്ച് 2011-ല്‍ ആദായനികുതി വകുപ്പാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസ് പിന്നീട് വനം വകുപ്പിന് കൈമാറുകയായിരുന്നു. ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ ഒന്നാംപ്രതിയാണെന്ന് വ്യക്തമാക്കി പെരുമ്പാവൂര്‍ കോടതിയില്‍ വനംവകുപ്പ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. പിന്നീട് പ്രത്യേക ഉത്തരവിലൂടെ ആനക്കൊമ്പിന്റെ ഉടമസ്ഥാവകാശം മോഹന്‍ലാലിന് പതിച്ചുനല്‍കുകയും കേസ് പിന്‍വലിക്കുകയുമായിരുന്നു.





